LATEST NEWS :
വരാണസിയില്‍ മോദി നാളെ പത്രിക നല്‍കും ::

യോഗ അഭ്യാസം അന്താരാഷ്ട്ര ദിനാചരണങ്ങള്‍ക്ക് പഞ്ഞമില്ലാത്ത അവസ്ഥയാണിപ്പോള്‍. അക്കൂട്ടത്തില്‍ ഒന്നുകൂടി കടന്നുവന്നിരിക്കുന്നു. യോഗദിനാചരണം. വളരെ കെങ്കേമമായി തന്നെ പ്രഥമയോഗദിനം ആഘോഷിച്ചു. ഇന്ത്യയില്‍ ജന്മം കൊണ്ടതാണ് യോഗ എന്നതിനാല്‍ നമ്മുടെ രാജ്യത്ത് ആഘോഷത്തിന് പൊലിമ ഏറെയുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ രാജ്യത്ത് യോഗദിനാചരണം നടന്നു. ഈ ദിനാചരണം കൊണ്ട് എന്താണോ ഇന്ത്യന്‍ ഭരണാധികാരികള്‍ ആഗ്രഹിച്ചത് അത് നേടിയെടുക്കുകയും ചെയ്തു. യോഗദിനാചരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അസംബന്ധമായ വിവാദം അവരെ തുണക്കുകയും ചെയ്തു. പൊതുവില്‍ ഭാരതീയ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്ന കപടമായൊരു ദേശീയബോധം ഇവിടെ വികസിപ്പിച്ചെടുക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. പൗരാണിക ഭാരതത്തില്‍ വിമാനം കണ്ടുപിടിച്ചിരുന്നു, യാഗങ്ങള്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു, ജ്യോതിശാസ്ത്രവും ജ്യോതിഷവും ഒന്നാണ് തുടങ്ങി ശക്തമായി കൊണ്ടിരിക്കുന്നു പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. അത്തരം പ്രചാരണം നടത്തി കൊണ്ടിരിക്കുന്ന പുനരുത്ഥാനവാദികള്‍ യോഗയെയും പുനരുത്ഥാന രാഷ്ട്രീയത്തിന്റെ ഭാഗമാക്കുകയാണ്. അതുകൊണ്ട് യോഗയോട് താല്‍പ്പര്യം കാണിക്കാത്തവര്‍ രാജ്യസ്‌നേഹികള്‍ അല്ലെന്ന പുതിയ വാദമുഖങ്ങള്‍ ഉയര്‍ന്നുവരും. യോഗയെ മതവുമായി കൂട്ടിക്കെട്ടാനാണ് പുനരുത്ഥാനവാദികള്‍ ശ്രമിച്ചത്. ചില മുസ്ലിം സംഘടനകളും വ്യക്തികളും ആ ചതിക്കുഴിയില്‍ വീഴുകയും ചെയ്തു. യോഗയെ ഒരു വ്യായാമ പദ്ധതിയായോ, ആരോഗ്യപദ്ധതിയുടെ ഭാഗമായോ അവതരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും ഒക്കെ മനസിലാക്കാം. അതിനുപകരം യോഗയെ ഒരു ഫിലോസഫിയായാണ് അവതരിപ്പിക്കുന്നത്. യോഗ ഒരു ഫിലോസഫിയല്ല. ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനത്തിനുള്ള ഒറ്റമൂലിയല്ല യോഗ. ജീവിത സംഘര്‍ഷം പ്രധാനമായും വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്. അത് മറച്ചുവച്ചുകൊണ്ട് ആത്മീയ നിര്‍വൃതിയായും മോക്ഷപ്രാപ്തിയായും, അതിനെയൊരു ദര്‍ശനമാക്കി മാറ്റുമ്പോള്‍ അതില്‍ അപകടം പതിയിരിപ്പുണ്ട്. വ്യക്തിയെ വ്യക്തിയിലേക്ക് ഒതുക്കാനും ചുരുക്കാനും അതിലൂടെ സാധ്യമാകും. സംഘര്‍ഷഭരിതമായ ജീവിതത്തില്‍ നിന്നുള്ള മോചനമായി യോഗയെ അവതരിപ്പിക്കുന്നതിന് പിറകില്‍ കച്ചവട താല്‍പ്പര്യവുമുണ്ട്. യോഗയുടെ തന്നെ പരിഷ്‌ക്കരിച്ച പതിപ്പുകള്‍ എന്ന രീതിയില്‍ ചില ഇന്‍സ്റ്റന്റ് ആത്മീയ വ്യാപാരികള്‍ ഇപ്പോള്‍ തന്നെ ചില ശ്വസനക്രിയകള്‍ ആവിഷ്‌ക്കരിച്ചത് ശ്രദ്ധിക്കണം. അത് ആഗോളതലത്തില്‍ തന്നെ വലിയൊരു ബിസിനസ് ശൃംഖലയായി രൂപപ്പെട്ടു കഴിഞ്ഞുവല്ലോ. യോഗദിനാചരണവുമായി ബന്ധപ്പെട്ട് ചില പുതിയ വ്യാപാര സംരംഭങ്ങള്‍ രൂപപ്പെട്ടിട്ടുമുണ്ട്. യോഗ അഭ്യാസത്തിന് യോജിച്ചത് എന്ന രീതിയിലുള്ള ചില വസ്ത്രങ്ങള്‍ ഇതിനകം വിപണി കയ്യടക്കി കഴിഞ്ഞിട്ടുണ്ട്. പഞ്ചനക്ഷത്ര യോഗാഭ്യാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വരുന്നത് നമുക്ക് കാണാന്‍ കഴിയും. ഭരണാധികാരികള്‍ യോഗ പ്രചരിപ്പിക്കുമ്പോള്‍ അതിലൊരു പ്രധാന വൈരുദ്ധ്യവുമുണ്ട്. ഇതേ ഭരണാധികാരികള്‍ തന്നെയാണ് അസംബന്ധ ചികിത്സകളും വ്യാപകമാക്കി കൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടികളാണ്. പോളിയോ, പെന്റാവാലന്റ്, റുബെല്ലാ തുടങ്ങിയ വാക്‌സിനുകള്‍ വ്യാപകമാക്കിയിരിക്കുകയാണ്. ജനസംഖ്യ നിയന്ത്രണമാണ് ലോകത്ത് അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ടതെന്ന് വാദിക്കുന്ന റോക്‌ഫെല്ലര്‍, ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനുകള്‍ ഈ വാക്‌സിന്‍ പരിപാടികള്‍ക്ക് വന്‍തുകകള്‍ നല്‍കുന്നുവെന്നത് സംശയം ഉയര്‍ത്തുന്നുണ്ട്. ഒരുവശത്ത് ഇത്തരം ചികിത്സ പരിപാടികളെ നിര്‍ബന്ധമാക്കുന്ന ഭരണാധികാരികള്‍ തന്നെ യോഗക്കും വേണ്ടി പ്രചാരണം നടത്തുമ്പോള്‍ അതിനുപിറകില്‍ ഒരു ആരോഗ്യ പദ്ധതിയോടുള്ള താല്‍പ്പര്യമാണെന്ന് കരുതാന്‍ പ്രയാസമുണ്ട്. നമ്മുടെ രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ലായെന്നതാണ് ദുഃഖകരമായ കാര്യം. അങ്ങനെ ചെയ്യേണ്ടവര്‍ പോലും ഭരണാധികാരികള്‍ ഒരുക്കുന്ന കെണിയില്‍ തലവച്ചു കൊടുക്കുകയാണ്. സി.പി.എമ്മിനെ പോലെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഭരണാധികാരികളുടെ യോഗ താല്‍പ്പര്യത്തിന് പിറകേ പോകുമ്പോള്‍ സംഭവിക്കുന്നത് എന്താണ്. യഥാര്‍ത്ഥത്തില്‍ പുരോഗമന രാഷ്ട്രീയത്തിന്റെ ഇടം അവര്‍ തന്നെ ഇല്ലാതാക്കുകയാണ്. പുനരുത്ഥാന രാഷ്ട്രീയത്തിന് തങ്ങള്‍ക്ക് അകത്ത് തന്നെ സ്ഥാനം നല്‍കുകയാണ്. ഇപ്പോള്‍ തന്നെ അരാഷ്ട്രീയമായി കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ഭാവിയില്‍ പുരോഗമന രാഷ്ട്രീയമെന്നത് ജനങ്ങള്‍ക്ക് മനസ്സിലാവാത്ത ഒന്നായി മാറും. എല്ലാ അജണ്ടകളും ഭരണാധികാരികള്‍ നിശ്ചയിക്കുകയും അതിന്റെ ആശയ പരിസരത്ത് മറ്റ് എല്ലാവരും ചുറ്റിക്കറങ്ങുകയും ചെയ്യുന്ന അത്യന്തം ദയനീയമായൊരു സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്.
Images Of The Day